ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ് ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.